Sunday, July 29, 2018

ഓര്‍മ്മയില്‍ മായാതെ ശൈഖുനാ കാളമ്പാടിയുസ്താദ്(നഃമ)



"നീലം മുക്കി മുക്കി നിറം മങ്ങിയ വെളള വസ്ത്രവും ബട്ടനിടാത്ത നീളക്കുപ്പായവും കണങ്കാലിനോടൊപ്പം ഉയര്‍ന്നു നില്‍ക്കുന്ന ഇസ്തിരി തട്ടാത്ത തുണിയും കണ്ണാടിക്ക് മുന്നില്‍  നിര്‍മ്മിക്കപ്പെട്ടതല്ലെന്നു ഒറ്റ നോട്ടത്തില്‍ വിളിച്ച് പറയുന്ന വാലുളള തലപ്പാവും പ്രകടനപരതയുടെ എല്ലാ പേക്കോല- ങ്ങളോടുമുളള വെല്ലുവിളിയായിരുന്നു,  തനിച്ചാണെങ്കിലും ശബ്ദമുഖരിതമായ സദസ്സിലാണെങ്കിലും സുജൂദിന്റെ സ്ഥാനത്തേക്ക് മാത്രം നോക്കിയുളള തല താഴ്ത്തി കൈ വീശിയുളള പ്രത്യേക നടത്തമായിരുന്നു ..  ഈന്തപ്പനയോലകളില്‍ കിടന്നുറങ്ങിയ മുത്ത് നബി(സ്വ) യുടെ പൂമേനിയില്‍  ചുവന്നു തുടുത്ത പാട് കണ്ടു ഉമറുല്‍ ഫാറൂഖ് (റ) വിരിപ്പ് ഓഫര്‍ ചെയ്തതും ഞാനും ദുനിയാവും തമ്മിലെന്ത് , വെറുമൊരു വഴിപോക്കനല്ലേ ഞാന്‍..എന്നു പറഞ്ഞു കണ്ണീരിന്റെ അകമ്പടിയോടെ അവതരിപ്പിക്കാന്‍ ആളുകളും വേദികളും എമ്പാടും സമുദായത്തിലുണ്ട് എന്നാല്‍ ആ മാതൃകയില്‍ ജീവിതം കാഴ്ച്ച വെക്കാന്‍ അതികമാര്‍ക്കും കഴിയില്ല ,അതിനു ധൈര്യം കാണിച്ച വലിയ മഹാനാണ് *മര്‍ഹൂംശൈഖുനാ* *കാളമ്പാടി മുഹമ്മദ്* *മുസ്ലിയാര്‍(നഃമ)*  ലാളിത്യത്തിന്റെയും പ്രവാചക മാതൃക ചൂണ്ടി കാണിക്കാന്‍ അനുയോജ്യമായ ഒരു വലിയ ജീവിതം ഇത് വരെ കേരളീയ മുസ്ലിം ഉമ്മത്തിനു മുന്നിലുണ്ടായിരുന്നു.ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്ന സുഹ്ദിനും ഭൗതിക പരിത്യാഗത്തിനുമൊരു ജീവനുളള ഉദാഹരണം ആവശ്യപ്പെടുന്നവരോട് മലപ്പുറം-പെരിന്തല്‍മണ്ണ റൂട്ടില്‍ കാവുങ്ങലില്‍ ബസ്സിറങ്ങി കാളമ്പാടിയിലേക്ക് പോയാല്‍ മതിയെന്ന് ഇന്ന് വരെ നമുക്ക് പറയാമായിരുന്നു....  സാധാരണക്കാരില്‍ സാധാരണക്കാരന്റെ വീട്ടുമുറ്റംപോലും വാഹനങ്ങള്‍ വന്നു നില്‍ക്കാന്‍ സജ്ജമാക്കപ്പെട്ട ഇക്കാലത്തും സമസ്തയുടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് കാല്‍ നടയായെ എത്താന്‍ പറ്റൂ എന്നത് എത്ര ഉറക്കെ പറഞ്ഞാലും മതിയാകാത്ത വലിയൊരുആശയമാണ്.  ഭൗതികതയുടെ  വഴികളെയും വകുപ്പുകളെയും അവഗണിക്കുന്നവരാണ് ആത്മീയാചര്യന്മാരെന്നു ജീവിതം കൊണ്ട് പഠിപ്പിക്കുകയായിരുന്നു ആ ഗുരുവര്യന്‍.  ഒറ്റ നോട്ടത്തില്‍ തന്നെ കടലുണ്ടിപ്പുഴയോരത്തെ കവുങ്ങിന്‍ തോട്ടത്തിലെ ആ വീടിന്റെ മണ്ണുതേച്ച സിമന്റിടാത്ത ചുമര് കാണാം. ഭൗതികതയുടെ ചുമരുകള്‍ക്കും ചുറ്റുപാടുകള്‍ക്കും മുന്തിയ പരിഗണന നല്‍കേണ്ടവരല്ല മത പണ്ഡിതന്മാരെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ആ മഹാ പണ്ഡിതന്‍...  എക്സിബിഷനസിത്തിന്റെ അധിനിവേശ കാലത്തെ പണ്ഡിതധര്‍മ്മം,പ്രകമ്പനം സൃഷ്ടിക്കുന്ന പ്രഭാഷണങ്ങളും കോരിത്തരിപ്പിക്കുന്ന കഥാകഥനങ്ങളും വാല്യങ്ങളായി അടുക്കിവെച്ച രചനകളുമല്ലെന്ന് തിരിച്ചറിഞ്ഞ ആ ക്രാന്ത ദര്‍ശി,ജീവിച്ച് കാണിക്കുകയെന്ന കാലഘട്ടത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തത്..  ആ മഹാപണ്ഡിതന്റെ  പുണ്യ സ്മരണയില്‍ ഒരു നിമിഷം.....

No comments:

Post a Comment