Sunday, July 22, 2018

സെയ്യിദുനാ ഉമര്‍ ഖാളി رضي ﷲ عنه വിന്റെ സ്നേഹലോകം





സ്നേഹത്തോളം  ധൈര്യവും കരുത്തും പകരുന്ന മറ്റൊന്നില്ല. കാരണം ഒരാളുടെ അസ്തിത്വത്തിന്റെ ആ‍ഴങ്ങളിലേക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അത് അനുസരണമായിരിക്കയില്ല. ബാഹ്യമായ കീഴ്പ്പെടല്‍ മാത്രമായിരിക്കും. അടിമവേല പോലെ താഴ്ന്ന തരത്തിലുള്ള ഒന്നായിരിക്കുമത്. സ്നേഹമാണ് ഒരു കാര്യത്തിന്റെ മാനസികമായ അം‌ഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും സ്നേഹം മധുരമാക്കിത്തരും. വേദനയെ ഔഷധമാക്കും. അചേതനമായതിനെ ചേതനയുറ്റതാക്കും. രാജാ‍വിനെ അടിമയാക്കും.

മഹാനായ ഉമര്‍ ഖാസി (റ) نور الله مرقده മദീനയില്‍ നബി صلى الله عليه യുടെ റൌളാശരീഫിന് മുമ്പില്‍ വെച്ച് പാടിയ ശ്രവണസുന്ദരമായ സ്നേഹകാവ്യം ആ വിശുദ്ധ റൌളയുടെ കവാടം തള്ളിത്തുറന്ന സം‌ഭവം പ്രസിദ്ധമാണ്. അത് സ്നേഹത്തിന്റെ ശക്തിയാണ്.

يٰا أَكْرَمَ الْكُرَمٰا عَـلَى أَعْتٰابِكُمْ --- عُمَرُ الْفَقِيرِ الْمُرْتَجِي لِجَنٰابِكُم
ْيَرْجُو الْعَطٰاءَ عَلَى الْبُكٰاءِ بِبٰابِكُمْ --- وَالدَّمْعُ مِنْ عَيْنَيْهِ سٰالَ سَجِيمٰا
صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمٰا

‘ബാഷ്പം നിറഞ്ഞൊഴുകുന്ന കണ്‍കളുമായി
വാതില്‍ക്കല്‍ വന്നിതാ നില്‍ക്കുന്നു ഞാ‍ന്
‍പാവമാണീ ഉമര്‍ മോഹമനവധി
ഒന്നു കടാക്ഷിക്കൂ ഔദാര്യവാരിധേ’

എന്നിങ്ങനെ തുടങ്ങുന്ന വരികള്‍ നബി صلى الله عليه യോടുള്ള സ്നേഹത്തെ അക്ഷരാ‍ര്‍ത്ഥത്തില്‍ പ്രതിധ്വനിപ്പിക്കുന്നു.യുക്തിയുടെ മണ്ഡലങ്ങള്‍ അതിരുകളുള്ളതാണ്. സ്നേഹമണ്ഡലം അനന്ത വിശാലമാണ്. കൊടുക്കലിനാണ് സ്നേഹത്തില്‍ സ്ഥാനമുള്ളത്. എടുക്കലിനോ വാങ്ങലിനോ അല്ല. താന്‍ സ്നേഹിക്കുന്ന വ്യക്തിക്കോ മൂല്യത്തിനോ വേണ്ടി ഒരാള്‍ മരണത്തിനു വരെ സന്നദ്ധനാകുന്നതില്‍ എടുക്കലോ വാങ്ങലോ അല്ല. ജീവന്‍ കൊടുക്കലാണ് നടക്കുന്നത്.

No comments:

Post a Comment