Thursday, August 2, 2018

എന്റെ റസൂല്‍ صلي ﷲ عليه وسلم


മുത്ത് നബി صلي ﷲ عليه وسلم തങ്ങള്‍ക്ക് വയസ്സ് കഴിഞ്ഞ നേരം..
തന്‍റെ പ്രിയ തോഴനോട് അവിടുന്ന് പറഞ്ഞു..

''അബൂബകര്‍.. എന്ത് ആവശ്യം വേണമെങ്കിലും
ചോദിച്ചു കൊള്‍ക''

നബി ﷺ പറഞ്ഞത് കേട്ട് അബൂബകറിനു (റ)
സംശയമായി.

''മരണം അടുത്തോ റസൂലേ..?''

''അതെ.. അടുത്ത്.. വളരെ അടുത്ത്..''

''മരണ ശേഷം അങ്ങെവിടെയ്ക്കാണ് പോകുന്നത്..?''

'' അല്ലാഹുവിലേക്കും , സിദ്രതുല്‍ മുന്‍ തഹായിലേക്കും
( സ്വര്‍ഗീയ വൃക്ഷം ) സമ്പൂര്‍ണ പാന
പാത്രങ്ങളിലെക്കും , നല്ല കൂട്ടു കെട്ടിലേയ്ക്കും ,
നിത്യതയിലേക്കും..''

''ആരാണ് അങ്ങയുടെ ശരീരം കുളിപ്പിക്കേണ്ടത്..?''

''എന്‍റെ കുടുംബത്തിലെ പുരുഷന്മാര്‍..''

'' അങ്ങ് മരിച്ചാല്‍ ഏതു തുണിയിലാണ് ഖബറടക്കേണ്ടത്?

'' ഈ തുണിയിലും, പിന്നെ ഈജിപ്തില്‍ നിന്നുള്ള
വെള്ള തുണിയിലും..''

'' അങ്ങയുടെ മയ്യിത്ത്‌ നിസ്കാര ക്രമം എങ്ങിനെയാണ്..?

ഇത്രയായപ്പൊഴേക്കും അബൂബക്കർ (റ)
വിതുമ്പിപ്പോയി..അത് കണ്ടു നബി صلي ﷲ عليه وسلم  നിറ
കണ്ണോടെ പുഞ്ചിരി തൂകി...
പരസ്പരം അത്രമേല്‍ സ്നേഹിച്ചിരുന്നു ഇരുവരും...
ഇവര്‍ മാത്രമല്ല നബി ശിഷ്യര്‍ എല്ലാരും അത്ര മേല്‍
പ്രവാചകനെ സ്നേഹിച്ചിരുന്നു..

'' മുഹമ്മദിനെ അവന്‍റെ അനുയായികള്‍ സ്നേഹിക്കുന്നത്
പോലെ ലോകത്തൊരാളും മറ്റൊരാളെ സ്നേഹിക്കുന്നത്
ഞാന്‍ കണ്ടിട്ടില്ല ''

പറഞ്ഞത് ശത്രു പക്ഷത്തായിരുന്നഅബൂസുഫയാന്‍
ആണ്..ഖുബൈബ് എന്ന നബി ശിഷ്യനെ ചതിയില്‍
പിടിച്ചു കുരിശില്‍ തറച്ചു കൊല്ലുന്ന രംഗത്തിനു
സാക്ഷിയായിരുന്നു അയാള്‍..,..

ഖുബൈബ് رضي الله عنهന്‍റെ കയ്യിലേക്ക് അമ്പെയ്ത്
ഒരുത്തന്‍ ചോദിച്ചു..

'' നിന്‍റെ സ്ഥാനത്ത്‌ മുഹമ്മദായിരുന്നെങ്കില്‍
എത്ര നന്നായേനെ എന്ന് നീ ആഗ്രഹിക്കുന്നില്ലേ
ഖുബൈബ്?''

ആ ചോദ്യം കേട്ട് ഖുബൈബ് رضي الله عنه പറഞ്ഞു

'' ഒരിക്കലുമില്ല, എന്‍റെ അവയവങ്ങള്‍ ഒന്നൊന്നായി
മുറിച്ചു മാറ്റിയാലും എന്‍റെ നബിയുടെ കാലില്‍
ഒരു മുള്ള് തറക്കുന്നത് പോലുമെനിക്ക്
സഹിക്കാനാവില്ല..''

ഈ മറുപടി കേട്ടാണ് അബൂ സുഫിയാന്‍ പ്രസ്തുത
അഭിപ്രായം പറഞ്ഞത്..

എന്ത് കൊണ്ട് ഇത്രമേല്‍ നബി സ്നേഹിക്കപ്പെടുന്നു ?
ഉത്തരം വളരെ ലളിതമാണ്..
നബിയുടെ സ്നേഹം അത്ര വലുതാണ്‌..!

തന്നില്‍ വിശ്വസിച്ചവരെ പറ്റി അങ്ങേയറ്റം
ഗുണകാംക്ഷി യായിരുന്നു പ്രവാചകന്‍..
രാത്രിയില്‍ ഉറക്കം വരാതെ തേങ്ങുമായിരുന്നു
നമ്മുടെ നബി ﷺ

മാലാഖ ജിബ്രീല്‍ (അ) വന്നു ചോദിച്ചു

''എന്തിനാണ് നബീ അങ്ങ് കരയുന്നത്?''

''നാളെ പരലോകത്ത് എല്ലാ മനുഷ്യരേയും
ഹാജരാക്കുമ്പോള്‍, അല്ലാഹു കോപത്താല്‍
വിറക്കുമ്പോള്‍ എന്‍റെ സമുദായത്തിന്‍റെ അവസ്ഥ
എന്തായിരിക്കും, അവര്‍ രക്ഷപ്പെടുമോ?
അതോര്‍ത്താണ് ഞാന്‍ കരയുന്നത്..''

അല്ലാഹു അറിയിച്ചു

''ജിബ്രീല്‍ പറയുക, മുഹമ്മദിനെ അദ്ധേഹത്തിന്റെ
സമുദായത്തിന്‍റെ കാര്യത്തില്‍ നാം തൃപ്തനാക്കുക
തന്നെ ചെയ്യുമെന്ന്...''

നബി ﷺ അത് കേട്ട് സമാധാനമടഞ്ഞു..

ഒരിക്കല്‍ ശിഷ്യര്‍ക്കൊപ്പം ഇരിക്കവേ നബിയുടെ
മുഖം എന്തോ കണ്ടെന്ന പോലെ സന്തോഷം പൂണ്ടു..

''എന്‍റെ അനുയായികള്‍ ! എന്‍റെ അനുയായികള്‍ !
അവരെ നേരിട്ടു കാണാന്‍ ഞാന്‍ അതിയായി
ആഗ്രഹിക്കുന്നു...''

അത് കേട്ട് ശിഷ്യര്‍ ചോദിച്ചു :

'' നബിയെ ഞങ്ങളല്ലേ അങ്ങയുടെ അനുയായികള്‍..?''

''ഞാന്‍ പറഞ്ഞത് വരാന്‍ പോകുന്ന എന്‍റെ
അനുയായികളെ പറ്റിയാണ്,, അവര്‍ എന്നെ
കണ്ടിട്ടില്ല, എന്നിട്ടും അവര്‍ എന്നില്‍
വിശ്വസിക്കുന്നു, എന്നെ സ്നേഹിക്കുന്നു...
ഞാന്‍ അവരെയും..എനിക്കവരെ കാണാന്‍
കൊതിയാകുന്നു..''

''അവര്‍ കുറെ പേരുണ്ടോ നബിയെ ?''

'' അല്ലാഹു എനിക്കവരെ കാണിച്ചു തന്നു...
വളരെയധികം പേര്‍....! ലോകത്തിലെ പല ഭാഗത്ത്
നിന്നും,അവര്‍ക്കിടയില്‍ നിങ്ങള്‍ (അറബികള്‍)
വളരെ കുറവായിരിക്കും..''

ഇന്ന് അറബികള്‍ ലോക മുസ്ലിം കള്‍ക്കിടയില്‍
വളരെ ചെറിയ ന്യൂനപക്ഷമാണ്...! ലോകത്തിലെ
പല ഭാഗത്ത്‌ നിന്നും നമ്മള്‍ നബിയെ തേടി
ആ മണ്ണില്‍ ചെല്ലുന്നു..
കറുത്തവനും, വെളുത്തവനും, രാജാവും, യാചകനും,
എല്ലാരും അവിടെ ഒരേ പോലെ...
ഒരേ ഒരു ദൈവം..
ഒരൊറ്റ ജനത...

''മുഹമ്മദെ, നീയും നിന്‍റെ മതവും തകരും, നിന്‍റെ പേര്
പോലും ആരും ഓര്‍ക്കില്ല'' എന്ന് പരിഹസിച്ച ശത്രുക്കള്‍ക്ക്
അല്ലാഹു മറുപടി നല്‍കി

''(നബിയെ )  താങ്കളുടെ കീര്‍ത്തി നാം
ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു. '' (ഖുര്‍ ആന്‍ 94)

അതെ... ഇന്ന് ലോകത്തെല്ലായിടത്തും അഞ്ചു നേരം
ബാങ്കില്‍ നബി തങ്ങള്‍ صلي ﷲ عليه وسلم റസൂലാണെന്ന് പറയുകയും
കോടാനുകോടികള്‍ അത് ഏറ്റു ചൊല്ലുന്നു...

നിസ്കാരത്തില്‍, സ്വലാത്തില്‍, സ്തുതികളില്‍, എല്ലാം
ഈ നബിയുടെ صلي ﷲ عليه وسلم നാമം കടന്നു വരുന്നു...

മരണ വേദന കൊണ്ട് പുളയുമ്പോഴും അവിടുന്ന്
പറഞ്ഞത് ''യാ ഉമ്മത്തീ, യാ ഉമ്മത്തീ ( എന്നിൽ വിശ്വസിച്ചവരേ..)
എന്നായിരുന്നു...

ചെറിയൊരു ശ്വാസം മുട്ട് വന്നാല്‍ സ്വന്തം മക്കളെ
പോലും ഉമ്മമാര്‍ മറക്കുന്ന കാലത്ത്, മരണ വേദനയിലും
നമ്മളെ ഓര്‍ത്തു കരഞ്ഞ നമ്മുടെ നബിയെ നാം സ്നേഹിക്കുന്നുണ്ടോ?
നബിയുടെ മേല്‍ ദിവസവും നമ്മിലെത്ര പേര്‍ സ്വലാത്ത്
(സ്തുതി കീര്‍ത്തനം, പ്രാര്‍ത്ഥന) ചൊല്ലുന്നുണ്ട്..?

കാക്കത്തൊള്ളായിരം പരദൂഷണം പറയാനും, കേള്‍ക്കാനും,
പാടാനും, ആടാനും, നമുക്കു നേരമുണ്ട്, എല്ലാം
നൈമിഷികം മാത്രമാണ്.. നിന്നെ സ്നേഹിക്കുന്നു
എന്ന് നീ കരുതുന്ന ഒരാളും,നിന്നെ മരണത്തില്‍
നിന്നും രക്ഷിക്കില്ല, പരലോകത്ത് ആരും
നിന്നെ സഹായിക്കാനും വരില്ല..
അവിടെ ഒരേ ഒരു അത്താണി മാത്രമേ ഉള്ളൂ..
മുഹമ്മദ്‌ നബി ﷺ...
ആ നബിയെ ഇന്ന് നീ ഓര്‍ത്താല്‍ നിനക്ക് നല്ലത്..
പിന്തിരിഞ്ഞാലോ..?

''( മനുഷ്യരേ ) തീര്‍ച്ചയായും നിങ്ങള്‍ക്കിതാ
നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍
വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത്‌
സഹിക്കാന്‍ കഴിയാത്തവരും, നിങ്ങളുടെ
കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവരും,
സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും
കാരുണ്യവാനുമാണ്‌ അദ്ദേഹം..
എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം
( നബിയേ, )  പറയുക: എനിക്ക്‌ ഏക ദൈവം മതി.
അവനല്ലാതെ വേറെ ദൈവങ്ങളില്ല. അവന്‍റെ
മേലാണ്‌ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്‌.
അവനാണ്‌ മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍.''
(ഖുര്‍ ആന്‍ 9 /128-129)

No comments:

Post a Comment