Friday, November 30, 2018

കണ്ണീരുണങ്ങാത്ത കര്‍ബല


കർബലയുടെ അന്തരീക്ഷം ഇപ്പോഴും ശോകമൂകമാണ്.
ആ മണ്ണിൽ വീണ കണ്ണീരിന്റെ നനവുകൾ ഇപ്പോഴും വറ്റിയിട്ടില്ല.
കർബലയുടെ ഭൂമിയെ ചോരയുടുപ്പിച്ച രക്തകണങ്ങൾ ഉണങ്ങാതെ കിടക്കുകയാണ്...
കർബല ഇസ്ലാമിക ചരിത്രത്തിലെ ദുരന്ത പൂർണ്ണമായ ഒരു അദ്ധ്യായം തീർത്തിരിക്കുന്നു.
കർബലയുടെ പൊടിമണ്ണിൽ ഉരുണ്ടു വീണത് പുണ്യ ഹബീബിന്റെ (സ) പ്രിയ പൗത്രൻ ഹുസൈൻ (റ)ൻറെയും കുടുംബാംഗങ്ങളുടെയും അടക്കം നൂറ്റി അറുപത്തിഒമ്പതോളം ആളുകളുടെ ശിരസ്സുകളും ശരീരങ്ങളുമായിരുന്നു.
രോദനമടങ്ങാത്ത കർബലയിൽ നിന്ന് അടിച്ചു വീശുന്ന കാറ്റിൽ ഇപ്പോഴും ഉയരുന്നത് പിഞ്ചുമക്കളുടെ രോദനമാണ്.
ഹിജ്റ അറുപത്.യോഗ്യരായ സ്വഹാബിമാരെ ഒഴിവാക്കി മുആവിയ (റ) മകനായ യസീദിനെ ഭരണം ഏൽപ്പിക്കുന്നു.ഖിലാഫത്ത് ഒഴിവാക്കി രാജവാഴ്ച ഭരണം ഏറ്റെടുത്തത് മുസ്ലിം സമൂഹം ഇഷ്ടപ്പെട്ടില്ല. യസീദിനെ അംഗീകരിക്കാത്ത ധീരനായ ഹുസൈനുബ്നു അലിക്കു (റ) (നബിയുടെ പുത്രി ഫാത്വിമയുടെ പുത്രൻ) കൂഫാനിവാസികൾ പിന്തുണ പ്രഖ്യാപിച്ചു. ഭരണം ഏറ്റെടുക്കാൻ അവർ ഹുസൈൻ(റ)വിനെ അവിടേക്കു ക്ഷണിച്ചു. ദീർഘമായ കത്തിടപാടുകൾക്കുശേഷം ബൈഅത്തു സ്വീകരിക്കാൻ തന്റെ പ്രതിനിധിയായി മുസ്ലിമുബ്നു ഉഖൈലിനെ (റ)  അദ്ദേഹം കൂഫയിലേക്കയച്ചു. മുസ്ലിമിൽനിന്നു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഹുസൈൻ (റ) തന്റെ അനുയായികളും കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമടക്കം എൺപതുപേർ വരുന്ന സംഘവുമായി മക്കയിൽനിന്ന് കൂഫയിലേക്കു തിരിച്ചു. സ്വഹാബികളിൽ പലരും അദ്ദേഹത്തിന്റെ തീരുമാനത്തെ എതിർത്തെങ്കിലും ഇമാം ഹുസൈൻ (റ) പിന്മാറിയില്ല.
കാര്യങ്ങൾ മാറിമറിഞ്ഞതു പെട്ടെന്നായിരുന്നു. യസീദ് ക്രൂരനും നിർദയനുമായ അബ്ദുല്ലാഹിബ്നു സിയാദിനെ കൂഫയിലെ ഗവർണറായി നിയോഗിക്കുകയും കുഴപ്പം അടിച്ചമർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇബ്നു സിയാദിനെ ഭയപ്പെട്ട കൂഫക്കാർ ഇമാം ഹുസൈനു (റ)  നൽകിയ പിന്തുണ പിൻവലിക്കുകയും മുസ്ലിമുബ്നു ഉഖൈലിനെ  (റ) പിടികൂടാൻ ഇബ്നു സിയാദിനെ സഹായിക്കുകയും ചെയ്തു. അയാൾ മുസ്ലിമിനെ (റ)  ക്രൂരമായി കൊന്നു കളഞ്ഞു. യാത്രാമധ്യേ മുസ്ലിമിന്റെ (റ)  മരണവാർത്തയും കൂഫക്കാരുടെ കൂറുമാറ്റവും അറിഞ്ഞ ഹുസൈൻ (റ)  മക്കയിലേക്കുതന്നെ മടങ്ങിപ്പോകാൻ ഒരുങ്ങി. എന്നാൽ വധിക്കപ്പെട്ട മുസ്ലിമിന്റെ (റ)  കുടുംബക്കാരുടെ നിർബന്ധത്തിനു വഴങ്ങി കൂഫയിലേക്കു യാത്ര തുടർന്നു.
ഹുസൈനും (റ)  സംഘവും യൂഫ്രട്ടീസ് നദിയുടെ തീരത്ത് ‘കർബല’ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഇബ്നു സിയാദിന്റെ ആയിരം പേരടങ്ങുന്ന സൈന്യം അവരെ തടഞ്ഞു. കൂഫക്കാരുടെ ക്ഷണപ്രകാരമാണ് താൻ വന്നതെന്നും അവർക്കാവശ്യമില്ലെങ്കിൽ മക്കയിലേക്കു തിരിച്ചുപോകാമെന്നും ഇമാം ഹുസൈൻ (റ)  അവരെ അറിയിച്ചു. എന്നാൽ അദ്ദേഹത്തെ ഇബ്നുസിയാദിന്റെ അടുത്തേക്ക് കൊണ്ടുപോകാനാണ് തങ്ങളോടുള്ള കൽപനയെന്ന് സൈനിക നേതാവ് അിറയിച്ചു. അപ്പോൾ ഹുസൈൻ (റ)  ഇപ്രകാരം പറഞ്ഞു: “ഒന്നുകിൽ യസീദിനെ ചെന്നു കാണാൻ എന്നെ അനുവദിക്കുക. അദ്ദേഹവമായി നേരിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിച്ചു കൊള്ളാം. അല്ലെങ്കിൽ മടങ്ങിപ്പോകാനോ അതിർത്തിയിലേക്കുപോയി ദൈവമാർഗത്തിൽ ജിഹാദ് ചെയ്യുവാനോ അനുവദിക്കുക.”
പക്ഷേ, ഹുസൈന്റെ (റ)  ഒരു ഉപാധിയും ഇബ്നു സിയാദിന്റെ സൈന്യം സ്വീകരിച്ചില്ല. യസീദിനു ബൈഅത്തു ചെയ്യണമെന്ന് അവർ നിർബന്ധിച്ചു. നബി(സ)യുടെ പുത്രി ഫാത്തിമയുടെ (റ)  പുത്രൻ ധീരനായ ഹുസൈൻ ബിൻ അലി(റ) ജീവൻ നൽകി രക്തസാക്ഷിത്വം വരിച്ചാലും കയ്യൂക്കിനു മുന്നിൽ തലകുനിക്കുന്ന ആളായിരുന്നില്ല. അവസാനം ഇരുവിഭാഗവും ഏറ്റുമുട്ടി. ഇമാം ഹുസൈന്റെ പക്ഷത്തുള്ള പുരുഷന്മാർ രക്തസാക്ഷികളായി. രോഗം മൂലം യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന ഹുസൈന്റെ (റ)  പുത്രൻ ബാലനായ സൈനുൽ ആബിദീനും (റ)  സ്ത്രീകളും മറ്റു കുട്ടികളും മാത്രമാണ് അവശേഷിച്ചത്. ഇമാം ഹുസൈന്റെ (റ)  അറുത്തെടുത്ത ശിരസ്സും അവശേഷിച്ചവരെയും കൊണ്ട് സൈന്യം ഇബ്നു സിയാദിന്റെ അടുക്കലെത്തി. ഇബ്നു സിയാദ് അവരെ ദമസ്കസിൽ യസീദിന്റെ അടുക്കലേക്കയച്ചു.
മുഹർറം 10-ന് അഹ്‌ലുബൈത്തിലെ പ്രമുഖരായ ഓരോ വ്യക്തിയേയും ഛിന്നഭിന്നമാക്കുന്ന കാഴ്ച ലോകം നെടുവീർപ്പോടെ കണ്ടുനിന്നു. ഹുസൈൻ(റ) ന്റെ പുത്രൻ അലി അക്ബറുബ്‌നു ഹുസൈൻ(റ) രക്തസാക്ഷിത്വം വരിക്കുന്നത് കണ്ട് സൈനബ് (റ)'യാ അഖാഹ്' എന്നാർത്തുവിളിച്ചുകൊണ്ട് തമ്പിൽനിന്ന് പുറത്തേക്ക് ചാടി. ചോരയിൽ കുതിർന്ന ആ മൃതശരീരം കെട്ടിപിടിച്ച് അവർ ആർത്തുകരഞ്ഞു. ഹസ്രത്ത് ഹുസൈൻ (റ) സഹോദരിയെ പിടിച്ച് ടെന്റിനകത്തേക്ക് കൊണ്ടുപോയി. തുടർന്ന് ചേതനയറ്റ മകന്റെ ശരീരം അദ്ദേഹം ചുമന്നുകൊണ്ട് ടെന്റിലെത്തിച്ചു.
അപ്പോൾ സൈനബ് (റ) തന്റെ ചെറുമക്കളായ മുഹമ്മദിനേയും (റ)ഔനിനേയും(റ) യുദ്ധക്കളത്തിലേക്കയക്കാൻ സഹോദരൻ ഹുസൈൻ (റ)യോട് സമ്മതം ചോദിച്ചു. അദ്ദേഹം അതിനനുവദിച്ചില്ല. എന്നാൽ സൈനബ് (റ) വീണ്ടും വീണ്ടും നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. സൈനബ്ബ്‌നു അലിയുടെ മക്കളാകട്ടെ, ഒരു കളിക്കളത്തിലേക്കെന്നോണം യുദ്ധക്കളത്തിലേക്ക് പോകാൻ തിടുക്കം കാട്ടിക്കൊണ്ടിരുന്നു. അപ്പോഴേക്കും കിരാതരായ ഭരണകൂട ഭീകരൻമാർ ആ കുഞ്ഞുങ്ങളെ റാഞ്ചിക്കഴിഞ്ഞിരുന്നു.
കൊല്ലപ്പെട്ടവരുടെ പാവനമായ മൃതശരീരങ്ങൾ യുദ്ധക്കളത്തിൽ ഇട്ടേച്ച് ശത്രുപക്ഷം പിൻമാറി. ഈ കാഴ്ച കണ്ടപ്പോൾ സൈനബിന് (റ) സഹിച്ചില്ല.  കർബലാ ദുരന്തം അറിഞ്ഞ് കൂഫക്കാർ അവിടെ തടിച്ചുകൂടി. അവരെ നോക്കി സൈനബ് (റ) പ്രഖ്യാപിച്ചു: ''ജനങ്ങളേ ലജ്ജിക്കുക, മുഹമ്മദ് നബി (സ)തിരുമേനിയുടെ പ്രിയപ്പെട്ട പേരമക്കളാണ് ഈ രണാങ്കണത്തിൽ കിടക്കുന്നത്.'' തുടർന്ന് കൂഫക്കാരുടെ ആ വലിയ സംഘത്തെ നോക്കി സൈനബ്(റ) ചില അപ്രിയ സത്യങ്ങൾ വിളിച്ച് പറഞ്ഞു: ''കൂഫക്കാരെ, വഞ്ചകരെ, കരാർ വഞ്ചകരെ, നിങ്ങളുടെ കണ്ണുകളിൽ കണ്ണീർ ഒരിക്കലും വറ്റാതിരിക്കട്ടെ. സ്വയം നൂൽ നൂറ്റിട്ട് പിന്നീട് അതുടച്ച് കളഞ്ഞവരെ പോലെയാണ് നിങ്ങൾ. നിങ്ങളുടെ ഹൃദയങ്ങളെ നൈതികത തൊട്ടുതീണ്ടിയിട്ടില്ല. നിങ്ങൾ എന്റെ സഹോദരനെ വിളിച്ചുവരുത്തി ബൈഅത്ത് ചെയ്തിട്ട് വഞ്ചിച്ചു. നിങ്ങളുടെ സ്‌നേഹം കേവലം കാപട്യം മാത്രം. ചതിയും വഞ്ചനയും നിങ്ങളുടെ ഹൃദയങ്ങളെ ആവരണം ചെയ്തിരിക്കുന്നു. ക്രൂരത നിങ്ങളിൽ മൂടപ്പെട്ടിരിക്കുന്നു.''
ഈ സംഭവത്തിന് രണ്ടാം നാൾ കൂഫയിലെ ഗവർണർ ഉബൈദുല്ലാഹിബ്‌നു സിയാദ് ദർബാർ വിളിച്ചു ചേർത്തു. തടവുകാരാക്കപ്പെട്ട നബികുടുംബത്തെ അയാളുടെ മുമ്പിൽ ഹാജരാക്കി. തികച്ചും മുറിവേറ്റ ഹൃദയത്തോടെയായിരുന്നു ഹസ്രത്ത് സൈനബിന്റെ (റ)നിൽപ്.
ഇബ്‌നു സിയാദ് ചോദിച്ചു: ''ഈ സ്ത്രീ ആരാണ്?''
ഒരു അടിമ സ്ത്രീ പറഞ്ഞു: '' സൈനബ് ബിൻത് അലി.''
ഇബ്‌നുസിയാദിന്റെ ആഹ്ലാദപ്രകടനം ഹസ്രത്ത് സൈനബിന്റെ (റ) മനസ്സിൽ രോഷാഗ്നി പടർത്തി. കർബലയിൽ വീണുടഞ്ഞ അവരുടെ വേദനിക്കുന്ന ഹൃത്തടം ഒന്നുകൂടെ പിടഞ്ഞു. അയാൾ ഹസ്രത്ത് സൈനുൽ ആബിദിനെ (റ) നോക്കി ചോദിച്ചു: ''കുട്ടി നീ ഏതാ?!'' മറുപടി വന്നു: ''അലിയ്യുബ്‌നു ഹുസൈൻ (റ)(ഹുസൈന്റെ മകൻ അലി).''
ഉടനെ അംറബ്‌നു സിയാദിനോട് ഇബ്‌നുസിയാദ് ചോദിച്ചു: ''ഇവനെ എന്തുകൊണ്ട് ബാക്കിവച്ചു?''''രോഗിയായതിനാൽ.''
അവനെ എന്റെ മുമ്പിലിട്ട് കൊന്നേക്ക്.''ഇബ്‌നു സിയാദിന്റെ കരാളമനസ്സ് അപ്പോഴും തപിക്കുകയായിരുന്നു. ''ഇബ്‌നുസിയാദ്! ഇനിയും ഞങ്ങളുടെ രക്തം കുടിച്ചത് നിനക്ക് മതിയായില്ലെ. ഈ പാവം കുട്ടിയെ യമപുരിക്കയക്കണമെങ്കിൽ എന്നെ കൂടി കൊല്ല്!'' സൈനബ് (റ)പൊട്ടിത്തെറിച്ചു. അവർ സൈനുൽ ആബിദിനെ (റ)അണച്ചുപിടിച്ചു.
മറ്റെന്തോ ചിന്തിച്ചിട്ടെന്നോണം കുട്ടിയെ അവരോടൊപ്പം വിട്ടേക്കാൻ അയാൾ ആജ്ഞാപിച്ചു.
ഇമാം ഹുസൈന്റെ (റ) തിരുശിരസ്സ് യസീദിന്റെ മുമ്പിൽ ഹാജരാക്കിയപ്പോൾ ആ രംഗം കണ്ടുനിൽക്കാനാവാതെ നബികുടുംബത്തിലെ സ്ത്രീകൾ വിങ്ങിപ്പൊട്ടി. ശോകമൂകമായ ഹസ്രത്ത് സൈനബ് (റ) സ്വസഹോദരന്റെ ചേതനയറ്റ തിരുശിരസ്സിനെ നോക്കി വിലപിച്ചു. ഹൃദയഭേദകമായ സൈനബിന്റെ (റ) ഈ തുടക്കം കണ്ടപ്പോൾ യസീദ് ഇടപെട്ടു. ''ഈ സ്ത്രീ ഏതാണ്''?
''ഹുസൈനും കൂട്ടുകാരും മരിച്ചിട്ടില്ല. അവർ അവരുടെ രക്ഷിതാവിങ്കൽ ജീവിച്ചിരിക്കുന്നു. അത് മതി അവർക്ക്. നീതിമാനായ ദൈവം തമ്പുരാൻ നബികുടുംബത്തിലെ മക്കളോടും കൂട്ടുകാരോടും അക്രമം ചെയ്തവരെ കഠിനകഠോരമായി വിചാരണചെയ്യും. പടച്ചതമ്പുരാന്റെ മുമ്പിൽ ഞങ്ങൾ ആവലാതികളും പരാതികളും സമർപ്പിക്കുന്നു.'' ഹൈദറെ കർറാറിന്റെ പുത്രിയുടെ സിംഹഗർജ്ജനം കേട്ട് യസീദും തന്റെ സഭക്കാരും തരിച്ചിരുന്നുപോയി. യസീദിന് ഉള്ളാലെ ഭീതിപരന്നു. റസൂൽ തിരുമേനിയുടെ (സ) കുടുംബത്തെ സഹായിക്കാതെയും സംരക്ഷിക്കാതെയുമിരുന്നാൽ ആളുകൾ തനിക്കെതിരെ തിരിയുമോ എന്നയാൾ ഭയപ്പെട്ടു. അയാൾ നബികുടുംബത്തിലെ സ്തീകളെ തന്റെ അന്തപുരത്ത് താമസിപ്പിക്കാൻ പ്രത്യേകം  ഏർപ്പാട് ചെയ്തു. അവരെ മാനസികമായി തണുപ്പിക്കാനും ശ്രമിച്ചു.
ഏതാനും ദിവസങ്ങൾക്ക് ശേഷം ഹസ്രത്ത്‌ നുഅ്മാനുബ്‌നു ബഷീർ അൻസാരിയുടെ (റ)കൂടെ സൈനബിനെയും (റ)കുടുംബങ്ങളെയും മദീനയിലേക്ക് യാത്രയാക്കി. ഖാഫില പോകാനൊരുങ്ങുമ്പോൾ ഹസ്രത്ത് സൈനബ് (റ) പ്രസ്താവിച്ചു: ''ഒട്ടകക്കട്ടിലിൽ കറുത്തവിരി ഇട്ടേക്കൂ. സയ്യിദതിതുന്നിസാ ഫാതിമയുടെ അരുമമക്കളാണീ പോകുന്നതെന്ന് എല്ലാവരും അറിയട്ടെ.''
എന്നാൽ നുഅ്മാനുബ്‌നു ബഷീർ പരമാവധി കാരുണ്യത്തോടെയാണ് ആ മർദ്ദിതസംഘത്തോട് പെരുമാറിയത്. യാത്രയിലുടനീളം അവർക്ക് പ്രശ്‌നങ്ങളൊന്നും വരാതിരിക്കാൻ അദ്ദേഹം ആവത് ശ്രമിച്ചു.
ശരണമേതുമില്ലാതെ താനനുഭവിച്ച വേദനകളും നേരിട്ട ദുരന്തങ്ങളും കാരണമായി സൈനബിന്റെ (റ) ഹൃദയം പൊട്ടിത്തകർന്നിരുന്നു. കർബലയിൽനിന്ന് മടങ്ങിയതിൽ പിന്നെ ആരും അവരുടെ വദനത്തിൽ ചിരിപരന്ന് കണ്ടിട്ടില്ല.
കർബല പലതും നമ്മെ ഓർമ്മപ്പെടുത്തുകയാണ്...
യസീദ്മാർ അവരുടെ ആവനാഴിയിൽ അമ്പ് രാകികൊണ്ടിരിക്കുന്നു.
കർബലയിലെ രക്ത സാക്ഷിത്വം നമ്മുടെ വിശ്വാസങ്ങൾക്ക് കരുത്തേകട്ടെ....

(വിവരങ്ങള്‍ക്ക് കടപ്പാട് )

No comments:

Post a Comment